ഫോക്സ്ബര്‍ഗ്: ജര്‍മന്‍ കോച്ച് യൂലിയന്‍ നേഗല്‍സ്മാന്‍ തുറന്നു പറഞ്ഞു: “ജര്‍മനി ഒരു ഫസ്റ്റ് ക്ലാസ് ടീം അല്ല”. ഫിഫ 2026 ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ പരാഗ്വെയ്ക്ക് എതിരായ തോല്‍വിക്കുശേഷമാണ് നേഗല്‍സ്മാന്‍ ഇങ്ങന പറഞ്ഞത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായശേഷം ജര്‍മനി ഇതാദ്യമായാണ് നോക്കൗട്ടില്‍ പ്രവേശിക്കുന്നത്. 2018, 2022 എഡിഷനുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ ജര്‍മന്‍ ടീം പുറത്തായിരുന്നു.
“ഫസ്റ്റ് സ്റ്റേജില്‍ത്തന്നെ നിങ്ങള്‍ പുറത്താകുകയാണെങ്കില്‍ ജര്‍മന്‍ ഫുട്ബോളിനത് ശുഭകരമല്ല. തുടര്‍ച്ചയായ മൂന്നാം തവണയാണ് ജര്‍മനി ആദ്യഘട്ടത്തില്‍ത്തന്നെ പുറത്താകുന്നത്. ഞാന്‍ തീര്‍ത്തും നിരാശനാണ്. ജര്‍മന്‍ എഫ്എയ്ക്ക് (ഡിഎഫ്ബി) എന്നെ ആവശ്യമാണെങ്കില്‍ ഞാന്‍ തുടരും (കോച്ചിംഗ് സ്ഥാനത്ത്). കുറെ ആളുകള്‍ക്ക് ഞാന്‍ പുറത്തുപോകണമെന്നുണ്ട്.
എന്നാല്‍, ജര്‍മന്‍ കോച്ചിംഗ് സ്ഥാനത്ത് തുടരാന്‍ എനിക്കു സന്തോഷമേയുള്ളൂ. ജര്‍മന്‍കാരുടെ ഇടയില്‍ അന്വേഷിച്ചാല്‍, ആരും എന്നെക്കുറിച്ച് നല്ലതു പറയുമെന്നു കരുതുന്നില്ല. കാരണം, ഈ ലോകകപ്പില്‍ ജര്‍മനിയുടെ പ്രകടനം നിരാശാജനകമാണ്. ഞാന്‍ ഓടിയൊളിക്കുന്ന ആളല്ല”- നേഗല്സ്മന് പറഞ്ഞു.